സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന് പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച് പണ്‌ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന കാഴ്‌ചപ്പാട്. വായ്‌പ, വിപണനം, ഉപഭോക്തൃ സാധനങ്ങളുടെ വിതരണം, ഭവനനിര്‍മ്മാണം, ആരോഗ്യം, പട്ടികജാതി പട്ടികവര്‍ഗ വികസനം, വനിത വികസനം, തുടങ്ങിയ വിവിധ മേഖലകളിലായി 12552 സഹകരണ സംഘങ്ങളും വ്യവസായം, കൃഷി, ഡയറി, മത്സ്യം തുടങ്ങിയ ഡയറക്‌ടറേറ്റുകള്‍ക്കു കീഴിലായി 9500 ഓളം സഹകരണ സംഘങ്ങളും കൂടുന്ന വളരെ വിപുലമായ ഒരു സഹകരണ ശൃഖല ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. അഖിലേന്ത്യാ സ്ഥിതി വിശേഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം കൂടുതല്‍ വിപുലവും സുശക്തവുമാണ്.
സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ കാര്‍ഷിക വികസനത്തിനായുള്ള ജനകീയ ഏജന്‍സികളാണ്. ഒരു ഗ്രാമത്തിലെ എല്ലാ വികസന ഏജന്‍സികളും ജനകീയാസൂത്രണത്തിന്റെ അഭിവാജ്യ ഘടകങ്ങളായിരിക്കണമെന്ന കാഴ്‌ചപ്പാട് അംഗീകരിക്കപ്പെടുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി യോജിച്ചുള്ള സഹകരണ മേഖലയുടെ പ്രവര്‍ത്തനം അനിവാര്യമാകുന്നു. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാലിരിക്കണം എന്ന ചിന്താഗതി അംഗീകരിക്കപ്പെടുമ്പോള്‍ അവയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നിയന്ത്രണം സര്‍വ്വനാശത്തിന് വഴിവയ്‌ക്കുമോ എന്ന് ഭയപ്പെടുന്ന സഹകാരികളും ഉണ്ട്. സഹകരണ സ്ഥാപനങ്ങള്‍ ജനാധിപത്യ സ്വയംഭരണ പരമാധികാര, സ്വയംപര്യാപ്‌ത സ്ഥാപനങ്ങളായിരിക്കണമെന്ന തത്വം തദ്ദേശഭരണസ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ അവഗണിക്കപ്പെട്ടുപോകുമെന്നും അവള്‍ ആശങ്കപ്പെടുന്നു.
സഹകരണ സംഘങ്ങളുടെ രുപീകരണം തന്നെ, പൊതുവായി പറഞ്ഞാല്‍ ആസൂത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന സത്യം ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകുന്നതാണ്. പദ്ധതി ലക്ഷ്യമനുസരിച്ച് ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ മുന്‍കൈയ്യെടുത്താണ് ഭൂരിഭാഗം സംഘങ്ങളും രൂപീകരിക്കപ്പെട്ടത്. സാമൂഹികക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ എടുത്ത നടപടികളുടെ പരിണത ഫലമായാണ് ഗ്രാമീണ വായ്‌പ മേഖലയില്‍ 70 ശതമാനത്തിനു മുകളിലായിരുന്ന സ്വകാര്യ പണമിടപാടുകാരുടെ പങ്ക് 15 ശതമാനത്തില്‍ ചുവടെയായി കുറയ്‌ക്കുവാന്‍ കഴിഞ്ഞതും സഹകരണ മേഖലയുടെ പങ്ക് 1951-ല്‍ 3.5 ശതമാനം മാത്രമായിരുന്നത് 31 ശതമാനമായി ഉയര്‍ത്തുവാന്‍ സാധിച്ചതും. ബാങ്ക് ദേശവല്‍ക്കരണത്തിനുശേഷം മാത്രമാണ് വാണിജ്യബാങ്കുകള്‍ ഗ്രാമീണ വായ്‌പകള്‍ നല്‍കുവാന്‍ തുടങ്ങിയത്. എന്നാല്‍ ബാങ്കിങ്ങ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുവാന്‍ തുടങ്ങിയതോടുകൂടി വാണിജ്യബാങ്കുകളില്‍ നിന്നുള്ള ഗ്രാമീണ വായ്‌പാ സഹായം വന്‍കിട കര്‍ഷകര്‍ക്ക് മാത്രമായി ചുരുങ്ങുവാന്‍ തുടങ്ങിയിരിക്കുകയാണ്. വാണിജ്യബാങ്കുകളുടെ പുതിയ വായ്‌പാ നയത്തിന്റെ ഫലമായി ഉയര്‍ന്നു വന്നിട്ടുള്ള വായ്‌പാ വിടവ് സഹകരണ മേഖലയിലൂടെ നികത്തപ്പെടുന്നില്ലെങ്കില്‍ സ്വകാര്യ പണമിടപാടുകാരുടെ ചൂഷ്‌ണത്തിനും പീഢനങ്ങള്‍ക്കും ചെറുകിട-നാമമാത്ര കര്‍ഷകര്‍ ഇരയാകുന്നതും കര്‍ഷകരുടെ ആത്മഹത്യാ നിരക്ക് ഉയരുകയും ചെയ്യും.
സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം ഗ്രാമീണ വികസനത്തിനായുള്ള പ്രധാനപ്പെട്ട ഏജന്‍സി ആയിട്ടാണ് പദ്ധതി ആസൂത്രകര്‍ സഹകരണ പ്രസ്ഥാനത്തെ കണക്കാക്കിയിരുന്നത്. ഓരോ അംഗത്തിനു വേണ്ടിയും ഗ്രാമത്തിന് മൊത്തത്തിലായും കാര്‍ഷികോല്‌പാദനത്തിനുള്ള പദ്ധതികള്‍ പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘം തന്നെ തയ്യാറാക്കണമെന്നായിരുന്നു അന്ന് വിവക്ഷിച്ചിരുന്നത്. കര്‍ഷകര്‍ക്കാവശ്യമായ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവ ലഭ്യമാക്കല്‍, മണ്ണ് പരിശോധനയും മണ്ണ്-ജനസംരക്ഷണവും, കാര്‍ഷികോപകരണങ്ങള്‍ വാടകയ്‌ക്ക് നല്‍കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം വിപണനം, ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നിത്യോപയോഗ സാധനങ്ങളുടെ വിതരണം തുടങ്ങീ കാര്‍ഷിക-ഗ്രാമവികസനത്തിന് സഹായങ്ങളായ വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളായിട്ടാണ് പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങളെ കണ്ടിരുന്നത.് ഗ്രാമീണ സമ്പത്ത് ഉല്‌പാദനത്തിനും ഗ്രാമീണരുടെ സാമ്പത്തിക ഉന്നമനത്തിനും പ്രതിബദ്ധതയുള്ള സഹകരണ മേഖലയ്‌ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുവാന്‍ കഴിയുന്നതല്ല.
സര്‍ക്കാറിന്റെ സംരക്ഷണവും സാമ്പത്തിക സഹായങ്‌ഹളും മൂലമാണ് നമ്മുടെ സഹകരണ പ്രസ്ഥാ നം വളര്‍ന്നു വലുതായത്. നിയമപരമായ ചട്ടക്കൂടും സംരക്ഷണ കവചവും ഒരുക്കി സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചിരുന്ന സര്‍ക്കാറിന് സാമ്പത്തിക മേഖലയുടെ പരിഷ്‌കാരങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള രൂക്ഷമായ മത്സരത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്. സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണ് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന അനിയന്ത്രിത മത്സരത്തിന്റെ ആദര്‍ശം. സഹകരണ മേഖലയുടെ കുത്തകയായിരുന്ന പല മണ്‌ഡലങ്ങളിലും സ്വകാര്യ വിദേശസ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ്, സമീപകാലത്തായി, ഉണ്ടായിട്ടുള്ളത്. പ്രവര്‍ത്തന ശൈലിയിലോ, ഉല്‍പ്പന്നങ്ങളിലോ, ഇടപാടുകാരെ ആകര്‍ഷിക്കുന്നതിന് കൈക്കൊള്ളുന്ന തന്ത്രങ്ങളിലോ മറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് ഉയരുവാന്‍ ആന്തരികവും, ബാഹ്യവുമായ നിരവധി കാരണങ്ങളാല്‍ സഹകരണമേഖലയ്‌ക്ക് കഴിയാതെ വരുന്നതിനാല്‍ ശുഷ്‌കമായിക്കൊണ്ടിരിക്കുന്നതും ഗുണമേന്മ കുറഞ്ഞതുമായ ഇടപാടുകാരുടെ അടിത്തറയില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതമാകുന്നു. അപകടമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനചെലവുകള്‍ക്കാവശ്യമായ വരുമാനമുണ്ടാക്കുവാനും വായ്‌പകളിലെ കുടിശികയും നിഷ്‌ക്രിയ ആസ്‌തിയും കൃത്രിമമായി കുറച്ചുകാണിക്കുവാനും ചെറിയ കടക്കാരായ ഗ്രമീണരെ വലിയകടക്കാരാ ക്കിക്കൊണ്ട് വിമുക്തമാകുവാന്‍ കഴിയാത്ത കടക്കെണിയില്‍ പെടുത്തുന്ന സാമൂഹിക വിപത്താണ് ചില വായ്‌പസംഘങ്ങള്‍ വരുത്തിവയ്‌ക്കുന്നത്.
സംസ്ഥാനത്തെ അഞ്ചു ജില്ലകളെങ്കിലും അതിരൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ അഭിമുഖീകരിച്ചകൊണ്ടിരിക്കുകയാണ്,. വിളകളുടെ വിലതകര്‍ച്ച, വ്യാപാര ഉദാരവല്‍ക്കരണം, കാര്‍ഷിക ഉല്‌പന്നങ്ങള്‍ താങ്ങുവില നല്‍കിയോ തറവിലയ്‌ക്കോ വാങ്ങുന്നതില്‍ വിപണന ബോര്‍ഡുകളും സഹകരണസംഘങ്ങളും കാണിക്കുന്ന അലംഭാവം, ബഹുരാഷ്‌ട്ര കുത്തക കമ്പനികളുടെ കടന്നുകയറ്റം, സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുകയോ പിന്‍ വലിക്കുകയോ ചെയ്യല്‍ തുടങ്ങിയ നിരവധി ബാഹ്യകാരണങ്ങളാലാണ് ഈ സ്ഥിതിവിശേഷം സംജാതമായിട്ടുള്ളത്. കൃഷിഭൂമി തരിശിടുകയും ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകൃഷിയിലേയ്‌ക്കുളഅള കാര്‍ഷിക ഭൂമിയുടെ ഉപയോഗമാറ്റവും മേല്‍ സൂചിപ്പിച്ച കാരണത്താല്‍ സംഭവിക്കുന്നതാണ്. ഇവിടെയാണ് തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സഹകരണമേഖലകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത്.
സഹകരണ തത്വങ്ങളും മൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടും വാണിജ്യസ്വഭാവം നഷ്‌ടപ്പെടുത്താതെയും അംഗങ്ങളോടുള്ള കടപ്പാടും ബാധ്യതയും നിറവേറ്റിക്കൊണ്ടും സാമൂഹിക പരിഷ്‌കരണത്തിലും ഗ്രാമവികസനത്തിലും വ്യാപൃതമായിട്ടുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബന്ധത കുറച്ചുകൂടി വിശാലമായി നിറവേറ്റുവാന്‍ വേണ്ട ശക്തിയും പ്രോത്സാഹനവും തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നതാണ്. തദ്ദേശഭരണസ്ഥാപനങ്ങ
ളുടെ ആസൂത്രണവികസന സമിതി നിശ്ചയിക്കുന്ന മുന്‍ഗണനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് സഹകരണ സംഘങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളും സഹകരണ മേഖലയുമായുള്ളയ ശക്തവും ആരോഗ്യകരവുമായ കൂട്ടായ്‌മ ഉണ്ടാകുന്നതാണ്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കര്‍ഷതൊഴിലാളികളുടെ സ്വാശ്രയഗ്രൂപ്പുകള്‍ രൂപീകരിച്ചുകൊണ്ട് മുകളില്‍ സൂചിപ്പിച്ച തരിശുഭൂമി പാട്ടത്തിനെടുത്ത് കൂട്ടുകൃഷി ചെയ്യുന്നതിന് സജ്ജമാക്കുകയും കൃഷിചെലവിനുള്ള വായ്‌പ സഹായം വായ്‌പ സംഘത്തില്‍ നിന്നും ല്യമാക്കി കാര്‍ഷിക ഉല്‍പന്നം വായ്‌പ സംഘം തന്നെ സംഭരിച്ച് വിപണനം നടത്തുകയും ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കാവുന്നതാണ്.
പ്രാദേശിക വികസനകാര്യങ്ങളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് മുന്തിയ സ്ഥാനമാണിന്നുള്ളത്. മുന്‍കാലങ്ങളില്‍ പൊതുമരാമത്തു പണികളില്‍ മാത്രം വ്യാപൃതമായിരുന്ന തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഇന്ന് കൃഷി, കുടില്‍ വ്യവസായം, ഗ്രാമീണ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിത്വം, ജലസേചനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒട്ടുമിക്കതും ഏറ്റെടുക്കുകയും ദാരിദ്രനിര്‍മ്മാര്‍ജന പരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. ഗ്രാമപഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തുകയുടെ ഒരു ഭാഗം മാത്രമാണ് ലഭിക്കുന്നത്. വിഭവ സഹായത്തിന് പരിമിതികള്‍ ഉള്ളതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നിശ്ചയിക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ നിര്‍ബന്ധിതമാകുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വിഭവ പരിമിതികള്‍ തരണം ചെയ്യുവാന്‍ സഹകരണ വായ്‌പ മേഖലയുടെ പങ്കാളിത്തം സഹായകമാകുന്നതാണ്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളിലെ നിക്ഷേപം രൂ 15000 കോടിയില്‍ അധികമാണ്. ഒരു വില്ലേജോ, പഞ്ചായത്തോ, പഞ്ചായത്തിന്റെ ഏതാനും വാര്‍ഡുകള്‍ മാത്രമോ പ്രവര്‍ത്തന മേഖലയുള്ള വായ്‌പ്പാ സംഘങ്ങള്‍ക്ക് ശരാശരി രൂപ 10 കോടിയോളം നിക്ഷേപമുണ്ട്. എന്നാല്‍ ഈ നിക്ഷേപം പൂര്‍ണ്ണമായി വായ്‌പ കൊടുക്കുവാന്‍ സാധിക്കാത്തതിനാല്‍ ജില്ല സഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പ്രസ്‌തുത നിക്ഷേപത്തിന് ജില്ലാ ബാങ്കില്‍ നിന്നും ലഭിക്കുന്ന പലിശ നിക്ഷേപകന് പ്രാഥമിക സംഘം നല്‍കുന്ന പലിശനിരക്കിലും കുറവാണുതാനും. സംസ്ഥാന ജില്ല സഹകരണ ബാങ്കുകള്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്‌ക്ക് അവയുടെ വിഭവം സര്‍ക്കാരിന് നല്‍കുവാന്‍ അനുവാദമില്ല. അതിനാല്‍ പ്രാഥമിക കാര്‍ഷിക വായ്‌പ സംഘങ്ങളുടെ മിച്ചഫണ്ടുകള്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക് ലഭിക്കുവാന്‍ സാധ്യതയുള്ളൂ. പ്രാഥമിക സംഘങ്ങള്‍ അവയുടെ നിക്ഷേപത്തിന്റെ 20 ശതമാനം തരളധനമായി സൂക്ഷിക്കേണടത് ജില്ലാസഹകരണ ബാങ്കില്‍ തന്നെ സൂക്ഷിക്കുകയും വായ്‌പ വിതരണത്തിനായുള്ള ഫണ്ടില്‍ മിച്ചമുള്ളത് ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ ശ്രമിക്കുകയും വേണം. പ്രാഥമിക കാര്‍ഷികവായ്‌പ സംഘങ്ങളുടെ വായ്‌പകളില്‍ ഒരു ഭാഗം അംഗങ്ങളുടെ ആഡംഭരത്തിനും പ്രത്യുല്‍പാദനപരമല്ലാത്ത ധൂര്‍ത്തിനുമാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പ്രസ്‌തു വായ്‌പകളിലെ ക്രഡിറ്റ് റിസ്‌ക് നിലവാരം വളരെ ഉയര്‍ന്നതാണ്. പ്രത്യുല്‍പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്കുപയോഗിച്ചു കൊണ്ടിരിക്കുന്ന ഗ്രാമീണ വിഭവം വികസന പരവും ഉല്‍പാദന പരവുമായ ആവശ്യങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ ഉപയോഗിക്കപ്പെടുമ്പോള്‍ ഗ്രാമവികസനവും ഗ്രാമീണരുടെ ക്രയാശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുവാന്‍ കഴിയും. സഹകരണ വായ്‌പ മേഖലക്ക് മറ്റൊരു നേട്ടം കൂടി ഇതിലൂടെലഭിക്കുന്നതാണ്. ഇന്ന് ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 60 ശതമാനവും പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ളതാണ്. അതുപോലെ തന്നെ സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപത്തില്‍ 94 ശതമാനവും ജില്ലാസഹകരണബാങ്കുകളുടെയും മറ്റുസഹകരണ സ്ഥാപനങ്ങളുടെയും നിക്ഷേപമാണ്. പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപം ജില്ലാബാങ്കുകളില്‍ കുറയുകയും തദ്വാര സംസ്ഥാന സഹകരണബാങ്കിന്റെ നിക്ഷേപത്തില്‍ ജില്ലാബാങ്കിന്റെ പങ്കുകുറയുകയും ചെയ്യുമ്പോള്‍ പലിശ ചെലവുകുറവുള്ള സ്വന്ത നിക്ഷേപമായ വ്യക്തിഗത നിക്ഷേപം വര്‍ദ്ധിക്കുവാന്‍ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ആരോഗ്യകരമായ നിക്ഷേപ ഘടനയിലൂടെ നിക്ഷേപ പലിശ ചെലവു കുറയുവാന്‍ ഇത് സഹായകരമാവും.
ഗ്രാമ പഞ്ചായത്തുകളുമായി മേല്‍ സൂചിപ്പിച്ച വിധം ഒരു ബിസിനസ് ബന്ധം പ്രാഥമിക സംഘങ്ങള്‍ ക്ക് സ്ഥാപിച്ചെടുക്കുവാന്‍ ഘടനാപരമായ മാറ്റവും നിയമഭേദഗതിയും ആവശ്യമാണ്. ഗ്രാമപഞ്ചായത്തും പ്രാഥമിക കാര്‍ഷിക വായ്‌പസംഘങ്ങളുമായുള്ള ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക കാര്‍ഷിക വായ്‌പ സംഘം എന്ന നിലയിലേക്ക് മാറ്റേണ്ടതാണ്. പഞ്ചായത്ത് പരിധിക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ സംഘങ്ങള്‍ ഉള്ള സാഹചര്യത്തില്‍ സംയോജന-ലയനനടപടികളിലൂടെ ഒരു പഞ്ചായത്തിന് ഒരു വായ്‌പാസംഘം എന്ന സ്ഥിതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട് ഒരംഗത്തിനു നല്‍കാവുന്ന പരമാവധി വായ്‌പയ്‌ക്കുള്ള പരിധി ഒരോ വായ്‌പ സംഘത്തിന്റെ നിയമാവലിയും വ്യവസ്ഥ ചെയ്‌തിട്ടുണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് 2000 ജനുവരി ഒന്നുമുതല്‍ സഹകരണ വായ്‌പ സംഘത്തില്‍ അംഗത്വം നല്‍കുവാന്‍ നിയമ വ്യവസ്ഥയുണ്ട്. എന്നാല്‍ ഗ്രാമ പഞ്ചായത്തിന് നല്‍കാവുന്ന പരമാവധി വായ്‌പ നിയമാവലിയില്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്കുവിധേയമാണ്. ഗ്രാമപഞ്ചായത്തിന് പ്രാഥമിക കാര്‍ഷിക വായ്‌പ സംഘം നേരിട്ടു നല്‍കാവുന്ന വായ്‌പ അതിന്റെ ഓഹരിമൂലധനവും കരുതലുകളും കൂടുന്ന സ്വന്തമാണ്ടിന്റെ 50 ശതമാനമായി വര്‍ധിപ്പിക്കേണ്ടതാണ്. അതോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ പ്രാഥമിക സംഘത്തിന്റെ ഭരണസമിതയിലേക്കും പ്രാഥമിക സംഘം പ്രതിനിധിയെ ഗ്രാമപഞ്ചായത്തിന്റെ ബോര്‍ഡിലേക്കും എക്‌സ് ഒഫിഷ്യോ ഡയറക്‌ടരാക്കുന്നതിനും നിയമവ്യവസ്‌ത ഉണ്ടാകണം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന പ്രധാന ഘടകം വിഭവങ്ങളുടെ അപര്യാപ്‌തതയാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ പശ്ചാത്തലത്തില്‍ തദ്ദേശഭരണ സ്ഥാപങ്ങളും സഹകരണ മേഖലമായുള്ള ഏകോപനത്തിന്റെ പ്രതക്തി പരിശോധിക്കേണ്ടതുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന വന്‍കിട വികസന പദ്ധിതികള്‍ സാമ്പത്തികമായും വാണിജ്യപരമായും വിജയകരമായി നടത്തുവാന്‍ കഴിയുന്നതാണെന്നും ബോധ്യമായാല്‍ അവയ്‌ക്ക് ജില്ലാസഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രാഥമിക വായ്‌പസംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഉപയോഗിച്ചുകൊണ്ടുള്ളവായ്‌പ നല്‍കാവുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രോജക്‌ടുകള്‍ അപ്രൈസല്‍ നടത്തി സാമ്പത്തിക വിജയസാധ്യതയും വാണിജ്യ സാധ്യതയും ബോധ്യപ്പെട്ട് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചടവുഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനായി സാങ്കേതിക പിരജ്ഞാനമുള്ള വിദഗ്‌ദ്ധരെ ഉള്‍പെടുത്തി ഒരു പ്രോജക്‌ട് അപ്രൈസല്‍ വിഭാഗം ജില്ലാ ബാങ്കില്‍ രൂപീകരിക്കേണ്ടതാണ്. കണ്‍സോര്‍ഷ്യെ വായ്‌പകള്‍ കഴിവതും സര്‍ക്കാര്‍ ഗ്യാരന്റിയിലെ നല്‍കാവൂ. തദ്ദേശ ഭരണ സ്ഥാപനത്തിന് പ്ലാന്‍ ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് വായ്‌പതുകയുടെ ഒരു ഭാഗവും ബാക്കി മാസ ത്രൈമാസ തവണകളായും അടയ്‌ക്കേണ്ടതാണ.് പദ്ധതിയില്‍ നിന്നുളഅള വരുമാനം അന്നന്നുതന്നെ സംഘത്തില്‍ അടയ്‌ക്കുവാനും അതു ഗ്രാമപഞ്ചായത്തിന്റെ നിക്ഷേപ അക്കൗണ്ടില്‍ വരവുവച്ച് ഗഡുസമയമാകുമ്പോള്‍ വായ്‌പയില്‍ വരവുവയ്‌ക്കുവാനും വ്യവസ്ഥകളും നടപടികളും ഉണ്ടാകണം.
ചെറുകിട ഇടത്തരം പദ്ധതികള്‍ പ്രത്യുല്‍പാദന പരമാണെന്നുതോന്നിയാല്‍ പ്രാഥമിക സംഘത്തിന് നേരിട്ടുവായ്‌പനല്‍കാം. അംഗങ്ങളുടെയും പൊതുജനത്തിന്റെയും നിക്ഷേപമാണ് തദ്ദേശഭരണ സ്ഥാപനത്തിന് പദ്ധതി വായ്‌പയായിനല്‍കുന്നതെന്ന ബോധം സംഘഭരണ സമിതിക്കും പ്രധാനകാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണം. നിക്ഷേപകരോടുള്ള കടപ്പാട് വിസ്‌മരിച്ചുകൊണ്ടുള്ള വിധേയത്വം തദ്ദേശ ഭരണ സ്ഥാപനങ്ങളോട് കാണിച്ചുകൂട. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കുന്ന കാര്‍ഷികാനുബന്ധ പ്രോജക്‌ടുകള്‍ സാമ്പത്തിക പരവും വാണിജ്യപരവും ആയി വിജയിക്കുമെന്ന് ബോധ്യപ്പെടുന്നപക്ഷം സംഘത്തിനുതന്നെ ഏറ്റെടുത്തുനടത്താവുന്നതാണ്. പ്രജക്‌ടുകളുടെ ഗുണഭോക്താക്കള്‍ സംഘാംഗങ്ങളോ അംഗങ്ങളാകുവാന്‍ അര്‍ഹതയുള്ളവരോ ആണങ്കില്‍ പ്രോജക്‌ട് വിജയകരമായി നടത്തുവാനുള്ള അനുഭവസമ്പത്തോ സാങ്കേതിക വൈദഗ്‌ധ്യമോ അവര്‍ക്കുണ്ടെന്നും തിരിച്ചടവുമനസ്സുള്ളവരാണെന്നും ബോധ്യപ്പെട്ട ശേഷം തൃപ്‌തികരമായ സെക്യൂരിറ്റിയില്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ടും വായ്‌പ നല്‍കാം. ദാരിദ്രനിര്‍മ്മാര്‍ജന പരിപാടികളുമായി ബന്ധപ്പെട്ട സ്‌കീമിലുള്ളതും വാണിജ്യബാങ്കുകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതുമായ പദ്ധതികള്‍ സഹകരണ വായ്‌പ സംഘങ്ങളുടെ മേല്‍ ഏല്‍പ്പിച്ചുകൂട.
സഹകരണ മേഖലയില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സഹായ സഹകരണം ലഭിക്കുന്നതുപോലെതന്നെ മറിച്ചുള്ള സഹായങ്ങളും ഉണ്ടാകേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകളും മറ്റു സഹകരണ വായ്‌പ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നേരിട്ടുനല്‍കുന്ന വായ്‌പകള്‍ക്ക് ഓഹരി അനുപാതം ബാധകമാക്കണം. ജീവനക്ഷമമല്ലാത്ത സംഘങ്ങളുടെ പുനരുദ്ധാരണത്തിനും സംഘങ്ങളുടെ വിപുലീകരണ, വൈവിധ്യവല്‍ക്കരണശ്രമങ്ങള്‍ക്കും ഗ്രാമപഞ്ചായത്തില്‍നിന്നും പദ്ധതിസഹായം ലഭ്യമാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്കുനല്‍ക്കുന്ന സബ്‌സിഡികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും പ്രാഥമിക വായ്‌പ സംഘത്തിലൂടെ മാത്രം വിതരണം ചെയ്യണം. ട്രാക്‌ടര്‍ ട്രില്ലര്‍, മെതിയന്ത്രം തുടങ്ങിയ കാര്‍ഷിക യന്ത്രസാമഗ്രികള്‍ പ്രാഥമിക സംഘം വാങ്ങുന്നതിനുള്ള തുക മുഴുവനും ഗ്രാമ പഞ്ചായത്ത് സബ്‌സിഡിയായി നല്‍കണം. പദ്ധതി പ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി വായ്‌പനല്‍കിയ പ്രാഥമിക സംഘത്തെയോ ഏല്‍പിച്ചുകൊണ്ട് വായ്‌പയും വിപണനവുമായി ബന്ധിപ്പിക്കുവാനുള്ള പ്രേരകശക്തിയായി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തിക്കണം. പൊതുവിതരണത്തില്‍ ഭാഗബാക്കാകുന്ന സംഘങ്ങള്‍ക്ക് അതിലൂടെ സംഭവിക്കുന്ന വ്യാപാരനഷ്‌ടം നികത്തുവാന്‍ ഗ്രാമപഞ്ചായത്തിന്റെ ബഡ്‌ജറ്റില്‍ തുക വകയിരുത്തണം.
ഉദാരവല്‍ക്കരണ കമ്പോളവല്‍ക്കരണ നയങ്ങളുടെഫലമായി സംജാതമായ മത്സരത്തില്‍ നിന്നും സഹകരണമേഖലയെ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന് സാധിക്കാത്ത സ്ഥിതിവിശേഷമാണിന്നുള്ളത് സഹകരണമേഖലയിലെ നല്ല ഇടപാടുകാരെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സഹകരണ വായ്‌പമേഖലയിലെ നിക്ഷേപ-വായ്‌പ വര്‍ദ്ധനനിനനുസൃതമായി വായ്‌പക്കാരുടെയോ നിക്ഷേപകരുടെയോ എണ്ണം വര്‍ധിക്കുന്നില്ല. പ്രാഥമിക തലങ്ങളിലും ജില്ലാതലങ്ങളിലുമുള്ള സഹകരണ വായ്‌പസ്ഥാപനങ്ങളില്‍ മിച്ചഫണ്ടുകളുണ്ട്. ഇങ്ങനെയൊരുസ്ഥിതിവിശേഷത്തില്‍ സഹകരണമേഖലയ്‌ക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധവും യോജിച്ചുള്ള പ്രവര്‍ത്തനവും ഉണ്ടായാല്‍ മത്സരമില്ലാത്ത സുരക്ഷിത ബിസിനസ് സാധ്യതകളും കൂടുതല്‍ ജനകീയ അടിത്തറയും ഉണ്ടാവുകയും സാമൂഹികപ്രതിബദ്ധത നിറവേറ്റപ്പെടുകയും ചെയ്യും. പ്രാഥമിക സംഘങ്ങളുടെ വിഭവം വര്‍ധിപ്പിക്കുന്നതിനും അംഗങ്ങള്‍ക്കുനല്‍കുന്ന വായ്‌പകയളിലെ കുടിശിക ഗ്രാമപഞ്ചായത്തിന്റെ സഹായസഹകരണങ്ങളിലൂടെ കുറയ്‌ക്കുന്നതിനും കഴിയും.
5 ummæli:
സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന് പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച് പണ്‌ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന കാഴ്‌ചപ്പാട്
നന്നായി.അവസാനഭാഗം കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.
ആശയം നന്ന്.
പങ്കുവച്ചതിനു നന്ദി.
നല്ല കാഴ്ചപ്പാട്.
സഹകരണ മേഖല നേരിടുന്ന വെല്ലുവിളിയുടെ ചെറിയൊരു ചിത്രം കൂടി വരച്ചു കാട്ടുന്നുമുണ്ട്.
ഗ്രാമപഞ്ചായത്തു സംവിധാനം ഇനിയും ഒരു പാടു വളരേണ്ടതുണ്ട്. ശൈശവാവസ്ഥയില്‍ എന്നു പറയത്തക്ക വിധമാണ് പദ്ധതികളുടെ രൂപികരണം മുതല്‍ നിര്‍വ്വഹണം വരെയുള്ള കാര്യങ്ങള്‍. പഞ്ചായത്തീരാജ് സംവിധാനത്തെപ്പറ്റി വലിയ പിടിപാടില്ലാത്ത അംഗങ്ങളും ,പ്രാദേശക രാഷ്ട്രീയത്തിന്റെ അതിപ്രസരവും പ്രാദേശിക സര്‍ക്കാര്‍ എന്ന സങ്കല്‍പ്പത്തില്‍ വെള്ളം ചേര്‍ത്തിട്ടുണ്ട് എന്നതു കാണാതെ വയ്യ. അതില്‍ നിന്നും മോചനം സാധ്യമാവും , പടിപടിയായി. അതിനി ശേഷം മാത്രമേ ഈ കുറിപ്പിനനുസൃതമായി ഈ രണ്ടു പ്രഥാനങ്ങളേയും കൂട്ടിയിണക്കാവൂ എന്നാണ് എന്റ്റെ അഭിപ്രായം.(തുരുമ്പെടുത്തു കിടക്കുന്ന ട്രാക്റ്ററും, കുറേ ടില്ലറുകളും ഉള്ള ഒരു പഞ്ചായത്തു വാസിയാണ് ഞാന്‍)
ഓഫ്ഫ്:
പാരഗ്രാഫ് തിരിച്ചു എഴൂതിയാല്‍ കുറച്ചുകൂടി വായനാ സുഖം കിട്ടുമെന്നു തോന്നുന്നു.
can you go to wikipedia malayalam with co-operation? there is no essays on this topic
rajesh sooryakanthi
Skrifa ummæli