സഹകരണ തത്വങ്ങള്‍ക്ക് മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ് സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക് മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്തിട്ടുള്ളത് സഹകരണ തത്വത്തിന്റെ പ്രയോഗമാണ്.
1904 ല്‍ ആവിര്‍ഭവിച്ച ഇന്ത്യന്‍ സഹകരണ രംഗം 102 വര്‍ഷം പിന്നിടുമ്പോള്‍ 20 കോടിയിലേറെ അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു.കൈത്തറി തുണികള്‍, പാലുല്പാദനം, പഞ്ചസാര എന്നിവയില്‍ അന്‍പതു ശതമാനത്തിലേറെ ഉല്പാദനം സഹകരണ മേഖലയിലാണുള്ളത്.
സംസ്ഥാന സഹകരണ ബാങ്കുകള്‍ ജില്ലാ സഹകരണബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, സംസ്ഥാന ഭൂവികസന ബാങ്ക് എന്നിവ അടങ്ങുന്ന ഇന്ത്യയിലെ അതിവിപുലമായ സഹകരണ ശൃംഖല നിലനിര്‍ത്താനും, അവയെ ശക്തിപ്പെടുത്താനും മുന്‍ഗണനയും ബോധപൂര്‍വ്വമായ പരിശ്രമങ്ങളും ഉണ്ടാകേണ്ടത് മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പഞ്ചവത്സര പദ്ധതികളില്‍ സഹകരണത്തിനു പ്രമുഖ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്നു 1991-92 നു ശേഷം ആസൂത്രണ വികസന പദ്ധതികളില്‍ സഹകരണത്തിനു മുഖ്യ സ്ഥാനം നല്കപ്പെടുന്നില്ല. ലാഭക്കൊതിയുടെയും മത്സരത്തിന്റെയും മുഖമില്ലാതിരുന്ന സഹകരണ സ്ഥാപനങ്ങള്‍ കമ്പോളത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മത്സരിച്ച് നിലകൊള്ളണമെന്നുമാണ് പുതിയ സിദ്ധാന്തം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വരുന്ന മാറ്റങ്ങള്‍ക്ക്, പല കാരണങ്ങള്‍ കൊണ്ടും അതിവേഗം ഇരയായി കൊണ്ടിരിക്കുന്ന പ്രദേശമാണ് കേരളം. സാമ്പത്തിക ഉദാരവല്‍ക്കണ സമീപനത്തിനനുസൃതമായ ഒരുപാട് മാറ്റങ്ങള്‍ കേരളത്തില്‍ വന്നു കൊണ്ടിരിക്കുന്നു.പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം, പൊതുവിതരണ സമ്പ്രദായം എന്നീ മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക് മുന്‍കാലങ്ങളിലെപ്പോലെ പ്രാഥമിക പരിഗണന നല്‍കാത്തത് സാമൂഹിക ജീവിതാവസ്ഥയെയും, സാധാരണ ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.
പൊതു മേഖലയും കാര്‍ഷിക രംഗവും, പരമ്പരാഗത വ്യവസായങ്ങളും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറയുകയും, കാര്‍ഷിക മേഖല വന്‍തകര്‍ച്ചയെ നേരിടുകയാണ്. സബ്സിഡി നിര്‍ത്തലാക്കിയതും, പൊതു വിതരണ സമ്പ്രദായം ദുര്‍ബലമായതും ഭക്ഷ്യ സുരക്ഷയ്ക്കു ഭീഷണിയായിരിക്കുന്നു.
കൃഷിയെ കാര്‍ഷിക വ്യവസായമാക്കി പുന:സംഘടിപ്പിക്കുകയും ഉല്പാദനോപാധികളുടെ നിര്‍മ്മാണം മുതല്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, വിതരണവും വരെയുള്ള സമഗ്രമായ കാര്‍ഷിക-വ്യവസായ ശൃംഖല പടുത്തുയര്‍ത്തുകയും വേണം. കാര്‍ഷിക ചരക്കുകള്‍ സംസ്കരിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉല്പാദകരുടെയും, ഉപഭോക്താക്കളുടെയും സംയുക്ത സഹകരണ സ്ഥാപനങ്ങളും പൊതു മേഖലയില്‍ കാര്‍ഷിക ഭക്ഷ്യ വ്യവസായങ്ങളും ആരംഭിക്കുന്നത് കാര്‍ഷിക പ്രതിസന്ധിക്ക് കുറെയേറെ പരിഹാരമാകുന്നതാണ്.
സഹകരണ മേഖല ഇന്ത്യയില്‍ ഏറ്റവും ശക്തമായിട്ടുള്ളത് കേരളത്തിലാണ്. മൊത്തം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ മൂന്നു ശതമാനത്തില്‍ കുറവു മാത്രമാണ് കേരളത്തിലുള്ളതെങ്കിലും, നിക്ഷേപങ്ങളുടെ കണക്കില്‍ കേരളമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വായ്പാ രംഗത്ത് സംസ്ഥാനം ഒട്ടേറെ മുന്നേറിയിട്ടുണ്ടെങ്കിലും, വായ്പേതര മേഖലകളില്‍ ഇന്നും പുറകിലാണുള്ളത്. പരമ്പരാഗത മേഖലകളിലെ സഹകരണ സംഘങ്ങള്‍ പലതും പ്രവര്‍ത്തന രഹിതവുമാണ്.കയര്‍, കൈത്തറി, ബീഡി, കശുവണ്ടി, ഓട് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ രൂക്ഷമായ കമ്പോള മാന്ദ്യത്തെ നേരിടുകയാണ്. ഈ രംഗത്തെ തൊഴിലാളികളുടെ സ്ഥിതിയും അത്യന്തം ദയനീയമാണ്.
സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് കൂടുതല്‍ വേഗത ബാങ്കിംങ് മേഖലയിലാണ്. വര്‍ദ്ധിച്ച കാര്യക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചിലവ്, വേഗത കൂടിയ കസ്റ്റമര്‍ സര്‍വ്വീസ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാങ്കിംങ് പരിഷ്കരണ നടപടികള്‍ക്കൊപ്പം ഉയര്‍ത്തിപ്പിടിക്കുന്നത്. പലിശ നിരക്കില്‍ തുടര്‍ച്ചയായി വരുന്ന ഏറ്റക്കുറച്ചിലുകളും, മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ഷ്യൂറന്‍സ്, ബിസിനസ്, ഓഹരി രംഗങ്ങളിലെ നിക്ഷേപ സാധ്യതകളും സഹകരണ ബാങ്കിംങ് ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിക്ഷേപങ്ങള്‍ കൂടുതല്‍ ആര്‍ജ്ജിച്ചുകൊണ്ടും, സ്വരൂപിക്കപ്പെടുന്ന നിക്ഷേപം ലാഭകരമായി വിനിയോഗിച്ചു കൊണ്ടും മാത്രമേ ഈ പ്രവണതയെ നേരിടാന്‍ കഴിയൂ.
വായ്പയുടെ പലിശയിലും കുറവു വരുകയാണ്. പലിശ വരുമാനം കൊണ്ടു മാത്രം ബാങ്കുകള്‍ ലാഭകരമായി നടത്തുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിതരണം ചെയ്യുന്ന വായ്പകളില്‍ കുടിശ്ശിക വര്‍ദ്ധിക്കുന്നത് സുരക്ഷിതത്വത്തിനു ഭീഷണിയാണ്. കാര്‍ഷിക മേഖലയിലെ മുരടിപ്പ് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള തിരിച്ചടവു ശേഷിയെ ദുര്‍ബലപ്പെടുത്തുകയും നിഷ്ക്രിയ ആസ്തി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.സഹകരണ വായ്പകള്‍ ആകര്‍ഷകമാക്കി കൊണ്ടും, വായ്പേതരമായ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ചു കൊണ്ടും ഈ തിരിച്ചടികളെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ട്.
സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക അറിവിനെയും മേചിപ്പിക്കേണ്ടിയിരിക്കുന്നു. നാടിനു ചേര്‍ന്ന വിവര സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവ കുറഞ്ഞ ചെലവില്‍ സഹകരണ മേഖലക്ക് ലഭ്യമാക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്. അതോടൊപ്പം മത്സരാധിഷ്ഠിത യാഥാര്‍ത്ഥ്യം കണക്കിലെടുത്തുകൊണ്ട് സഹകാരികള്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും, ജീവനക്കാര്‍ക്കും പ്രൊഫഷണല്‍ മാനേജ്മെന്റില്‍ ഫലപ്രദമായ പരിശീലനം നല്‍കുകയും ചെയ്യണം.
സഹകരണ തത്വങ്ങള്‍ക്ക് മനുഷ്യ സമുദായത്തോളം പഴക്കമുണ്ട്. വ്യാപകമായ അര്‍ത്ഥത്തില്‍ ഒന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുകയെന്നതാണ് സഹകരണത്തിന്റെ പൊരുള്‍. മനുഷ്യ സമുദായത്തിന്റെ പുരോഗതിക്ക് മറ്റേതു സാമൂഹ്യ ഘടകത്തേക്കാളും സംഭാവന ചെയ്തിട്ടുള്ളത് സഹകരണ തത്വത്തിന്റെ പ്രയോഗമാണ്.
പ്രതിസന്ധികളെ അതിജീവിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക താല്പര്യങ്ങള് പ്രാധാന്യം നല്കി കൊണ്ടാണ് 19ാം നൂറ്റാണ്ടില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. ഇതിന്റെ പ്രവര്‍ത്തന സീമ നിര്‍മ്മാണം, വിതരണം, ബേങ്കിംങ്, വിപണനം, ഭവനനിര്‍മ്മാണം, ഇന്‍ഷൂറന്‍സ് തുടങ്ങിയ നാനാവിധ മേഖലകളിലേക്ക് വ്യാപിക്കപ്പെട്ടിരിക്കുന്നു. സഹകരണ മേഖലയുടെ ലക്ഷ്യവും കാഴ്ചപ്പാടും സാമ്പത്തികം മാത്രമല്ല സാമൂഹികവും കൂടിയാകുമ്പോള്‍ 21-ാം നൂറ്റാണ്ടില്‍ ആഗോളവല്‍ ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും ഭാഗമായുണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്.
മദ്ധ്യ വര്ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തിക വിഭവങ്ങള്‍ സാമൂഹിക പുരോഗതിക്ക് ഉപയുക്തമാക്കുന്ന വിധത്തില്‍, സഹകരണ സംഘങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നതാണ് മാര്‍ക്സിസ്റ്റ് സിദ്ധാന്തം.
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് മുതലാളിത്വത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും കമ്യൂണിത്തിലേക്കുമുള്ള പരിവര്‍ത്തനങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങളെന്ന് ലെനിന് ചൂണ്ടി കാണിച്ചിട്ടുണ്ട്.
കുടുംബശ്രീ പോലെയുള്ള സ്ത്രീ ശക്തി കേന്ദ്രങ്ങള്‍ വഴി നടത്തുന്ന നിശബ്ദ ഉല്പാദന, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലം നല്കി കൊണ്ട് വനിതകളുടെ ശാക്തീകരണത്തിനുള്ള കടമ നിര്‍വഹിക്കുന്നതിനും സഹകരണ മേഖല മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു.
സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി വര്‍ഗ്ഗ രഹിത സമൂഹം സൃഷ്ടിക്കാമെന്നതാണ് സോഷ്യലിസ്റ്റ് കാഴ്ചപ്പാട്. സഹകരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായിട്ടുള്ള സഹകരണ തത്ത്വങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്രാജ്യത്വ ആഗോള വല്‍ക്കരണ തന്ത്രങ്ങളുടെ ഭാഗമായി സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വരുന്ന കനത്ത വെല്ലുവിളികളെ നേരിടുന്നതിനു ചെറുത്തു നില്‍പ്പിന്റെ ജനകീയ രൂപമായും സഹകരണ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ അതിജീവനത്തിന്റെ പുതിയ പാതയൊരുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്.
2 ummæli:
സഹകരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായിട്ടുള്ള സഹകരണ തത്ത്വങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമ്രാജ്യത്വ ആഗോള വല്‍ക്കരണ തന്ത്രങ്ങളുടെ ഭാഗമായി സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ വരുന്ന കനത്ത വെല്ലുവിളികളെ നേരിടുന്നതിനു ചെറുത്തു നില്‍പ്പിന്റെ ജനകീയ രൂപമായും സഹകരണ മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രമുഖ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ അതിജീവനത്തിന്റെ പുതിയ പാതയൊരുക്കാന്‍ സഹകരണ പ്രസ്ഥാനത്തിനു കഴിയുന്നതാണ്
ബ്ലോഗറുടെ പരിശ്രമം അഭിനന്ദനീയമാണ്. സഹകരണത്തിന്റെ നിർവചനത്തിനും തത്വങ്ങൾക്കും sahakaranam.blogspot.com കാണുക.
Skrifa ummæli